Tuesday, 20 January 2009

പാബ്‌ലോ നെരൂദയുടെ നാട്ടില്‍- 2

ആദ്യഭാഗം വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി....രണ്ടാം ഭാഗം വൈകിയതിന് ക്ഷമാപണം......

വെള്ളിയാഴ്ച മീറ്റിംഗുകള്‍ എല്ലാം കഴിഞ്ഞു. ശനിയാഴ്ച മുഴുവനും എന്ത് ചെയ്യണം എന്ന് വീണ്ടും ആലോചിച്ചു. സാന്‍ഡിയാഗോ സിറ്റി പകല്‍ കുറച്ചു സ്ഥലങ്ങളില്‍ പോയതിനാല്‍ വലിയ ആകര്‍ഷണം ഇല്ല. ആന്‍ഡീസ് പര്‍വതനിരയുടെ അടിവാരത്ത് വേണമെങ്കില്‍ കാറില്‍ പോകാം. രണ്ടോ മൂന്നോ മണിക്കൂര്‍ മതിയാവും. പക്ഷെ പിന്നെ എന്ത് ചെയ്യും?

കാണ്‍സള്‍ട്ടന്റായി എത്തിയിട്ടുള്ള ഫ്രഞ്ചുകാരി ഐഡിയ ഇട്ടു. മുപ്പത്തിമൂന്നു കൊല്ലം മുന്‍പ് എകാധിപതിയായ പിനോഷെ ഭരണം പിടിച്ചെടുക്കലിന് ഒരു മാസം മുന്‍പ് അവര്‍ ചിലി സന്ദര്‍ശിച്ചിട്ടുണ്ടത്രേ. അന്ന് അവരുടെ അടുത്ത ചിലിയന്‍ സുഹൃത്തുക്കളെ വീണ്ടും എഴുത്തുകള്‍ എഴുതുകയും ഫോണ്‍ വിളിക്കുകയും ഒക്കെ ചെയ്തിട്ടും വീണ്ടും സംസാരിക്കാനോ കാണാനോ കഴിഞ്ഞില്ലെന്നും, പലരും പട്ടാള അട്ടിമറിയില്‍ കൊല്ലപ്പെട്ടെന്നും അവര്‍ പറഞ്ഞു. പിനോഷെയുടെ ക്രൂര കൃത്യങ്ങളെ കുറിച്ചൊക്കെയും അവര്‍ വിവരിച്ചു. നെരൂദയുടെ ഒരു വീട് അടുത്തെവിടെയോ ഉണ്ടെന്നും അവര്‍ പറഞ്ഞപ്പോള്‍ അവിടേയ്ക്ക് തന്നെ യാത്രയാകാം എന്ന് തീരുമാനിച്ചു.

വഴികള്‍ എല്ലാം ചോദിച്ചു മനസ്സിലാക്കി. കൂട്ടിനു ഫ്രഞ്ച് സുഹൃത്തും കൂടി. സാന്‍ഡിയാഗോയിലെ ഹോട്ടലില്‍ നിന്നും കുറച്ചു നടന്നാല്‍ സബര്‍ബന്‍ ട്രെയിന്‍ സ്റ്റേഷന്‍, പത്തുമിനുട്ട് യാത്ര ചെയ്ത് മറ്റു ദീര്‍ഘദൂര ബസുകള്‍ കിട്ടുന്ന സ്ഥലത്തും എത്തി. സാന്റിയാഗോയില്‍ നിന്നും രണ്ടു മണിക്കൂറോളം ബസില്‍ യാത്ര ചെയ്ത് വാല്‍പരെയ്സോയില്‍ Valparaíso) എത്തി. ഏകദേശം നാല്‍പ്പതോളം ഡോളര്‍ കൊടുത്ത് സിറ്റി കറങ്ങിക്കാണാനായ് ഒരു ടാക്സി പിടിച്ചു.ടാക്സിലെ യാത്ര നമ്മുടെ നാട്ടിലെ ചില ട്രാവല്‍ ഏജന്റ്റ്മാരുടെ കൂടെയുള്ള യാത്രയെ അനുസ്മരിപ്പിച്ചു. വഴിയില്‍ വേറെ ഏതോ ടാക്സിയില്‍ കയറ്റാം എന്നും പറഞ്ഞ് ഒരു മണിക്കൂര്‍ താമസിപ്പിച്ചു. എങ്കിലും അയാള്‍ വന്നില്ലെന്ന് കണ്ടപ്പോള്‍ വലിയ കുഴപ്പമൊന്നും ഇല്ലാതെ എല്ലാ സ്ഥലങ്ങളിലും കൊണ്ടു പോയി.......
********
വാല്‍പരെയ്സോ (Valparaíso) ചിലിയിലെ വളരെ പ്രധാനപ്പെട്ട ഒരു പോര്‍ട്ട്‌ നഗരം ആണ്. സ്വര്‍ഗീയ താഴ്വാരം എന്നര്‍ത്ഥം വരുന്ന സ്പാനിഷ് നാമം അന്വര്‍ത്ഥമാക്കുന്ന കാഴ്ചകള്‍ തന്നെ ആണ് വാല്‍പരെയ്സോയില്‍ നമുക്കു കാണാന്‍ കഴിയുക. ചരക്കു കപ്പലുകള്‍, അതുപോലെ തന്നെ കണ്ടൈനറുകള്‍ എന്നിവ ചിലിയിലെ പഴവര്‍ഗങ്ങള്‍, ചെമ്പ്, വൈന്‍ എന്നിവ കയറ്റുമതി ചെയ്യുന്നതിനായ്‌ ഇവിടെ നങ്കൂരമിട്ടിരിക്കുന്നു.

പോര്‍ട്ടിനടുത്തുള്ള വലിയ കമാനം.

കമാനത്തിന്‍റെ അടുത്തു നിന്നാല്‍ വളരെ വിശാലമായ പോര്‍ട്ടും ചരക്കു കപ്പലുകളും കാണാം.

വാല്‍പരെയ്സോ പോര്‍ട്ട്‌


ചെറിയ കുന്നിന്‍പുറങ്ങളില്‍ക്കൂടിയുള്ള യാത്ര തുടര്‍ന്നു.........
വാല്‍പരെയ്സോയിലെ എലവേറ്ററുകള്‍ (ascensores) വളരെ പ്രസിദ്ധമാണ്. കുന്നിന്‍റെ ചരുവില്‍ നിന്നും മുകളിലേയ്ക്ക് ചെറിയ കുടുസ്സുമുറി പോലെ തടികൊണ്ടുള്ള ലിഫ്റ്റുകള്‍ റെയില്‍വേ പാളങ്ങളില്‍, നാല് ചക്രങ്ങളില്‍ നിര്‍ത്തിയിരിക്കുന്നു. വൈദ്യുതി യന്ത്രം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഈ 'മുറി' ഉള്ളിലുള്ള ആളുകളോടൊപ്പം ചക്രം മുകളിലേയ്ക്ക് അല്ലെങ്കില്‍ താഴേയ്ക്ക് നീങ്ങുന്നു. വളരെ പഴക്കം ചെന്ന ഒരു സംവിധാനമാണ് ഇത്.

വാല്‍പരെയ്സോയിലെ ഒരു എലവേറ്റര്‍

നഗരത്തിന്‍റെ മനം മടുപ്പിക്കുന്ന ഒരു കാഴ്ചയും അവിടെ കാണാന്‍ കഴിഞ്ഞില്ല എന്നുള്ളത് ഒരു വലിയ കാര്യമായ് തോന്നി.

വാല്‍പരെയ്സോയിലെ ഒരു തെരുവ് ചിത്രകാരന്‍


വാല്‍പരെയ്സോയിലെ ഒരു കുന്നിന്‍മുകളിലെ മനോഹരമായ വീടുകള്‍

അങ്ങിനെ മൂന്ന്-നാല് മണിക്കൂറുകള്‍ നഗരം കണ്ടതിനു ശേഷം നെരൂദയുടെ സ്വന്തം വീട്ടിലേയ്ക്ക്‌ യാത്ര തിരിച്ചു.

ശേഷം അടുത്തതില്‍ :-(
(ഇത് തന്നെ തീര്‍ക്കാന്‍ മൂന്നാഴ്ച എടുത്തു......)

10 comments:

ശ്രീവല്ലഭന്‍. said...

വളരെ തിരക്കായതിനാല്‍ ബ്ലോഗ് ചെയ്യാന്‍ സമയം കിട്ടുന്നില്ല. കുറേശ്ശെ എഴുതാം....

പാമരന്‍ said...

അയ്യോ നെരൂദയുടെ വീടൊന്നു കാണിക്കൂ..

ശ്രീ said...

ഇപ്പോഴാണ് രണ്ടാം ഭാഗം വരുന്നതല്ലേ? ഇനി അടുത്തതെപ്പോഴാണോ ആവോ?
:)

തോന്ന്യാസി said...

ആഹാ നെരൂദേടെ വീട്ടീപ്പോവാണോ? അങ്ങേരോടെന്റെ അന്വേഷണം പറയൂ.... :) :)

ശ്രീവല്ലഭേട്ടാ ഇത്തിരൂടെ നീട്ടാം .. ഇതൊരു മാതിരി കിക്കായി വന്നപ്പോ കുപ്പി കാലിയായ എഫക്റ്റ്....

Anonymous said...

ശരിയാ, അടിപൊളി, തീര്‍ന്നുപോയി...
കൂടുതല്‍ വരട്ടേ

ഭൂമിപുത്രി said...

ഈ പ്രാവശ്യവും സസ്പ്പെൻസാണല്ലൊ..എവിടെ കവിയുടെ വീട്??
ഏതായാലും ആ ചിത്രകാരനും(പെട്ടന്ന് നമ്മുടെ ചിത്രകാരന്റെ കേസോർമ്മവന്നു)വീടുമൊക്കെ നല്ല രസം.തടിലിഫ്റ്റ് സുരക്ഷിതമാണോ?

Ranjith chemmad / ചെമ്മാടൻ said...

നെരൂദയുടെ വീടിനായ് കാത്തിരിക്കുന്നു...

ഗൗരിനാഥന്‍ said...

കൂടുതല്‍ വരട്ടെ...

തിരുവല്ലഭൻ said...

സുഹൃത്തേ,
ഞാൻ എന്റെ ബ്ലോഗിൽ താങ്കളുടെ അസാന്നിദ്ധ്യം അറിയുന്നു

ശ്രീവല്ലഭന്‍. said...

വായിച്ചവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി. അവസാനം ഈ സീരീസ് അടുത്ത ഒരു പൊസ്റ്റോടെ അവസാനിപ്പിച്ചു. ലിങ്ക്: http://kaazchappaatu.blogspot.com/2009/04/3.html