Thursday 28 May 2009

ചില ചൈനാകാഴ്ചകള്‍-1

തെക്കന്‍ ചൈനയിലെ ഒരു മനോഹര ബാലെയിലെ രംഗങ്ങള്‍



















Friday 22 May 2009

ലാലേട്ടാ ലാലേട്ടാ.....

എന്‍റെ ക്യാമറയില്‍ പതിഞ്ഞ ലാലേട്ടന്‍





കഴിഞ്ഞ ഒക്ടോബറില്‍ മോഹന്‍ലാലും സംഘവും ഡെയ്‌ലി ഡിലൈറ്റ് മോഹന്‍ലാല്‍ ഷോയുടെ ഭാഗമായി ഇരുപതു ദിവസ യൂറോപ്യന്‍ പര്യടനത്തിനു വന്ന കൂട്ടത്തില്‍ സ്വിറ്റ്സര്‍ലാന്റിലും എത്തിയിരുന്നു. വാമഭാഗം ഒരു തികഞ്ഞ മോഹന്‍ലാല്‍ ഫാന്‍ ആയതിനാലും, മോഹന്‍ലാലിനെ കാണുക എന്നത് ഒരു ചിരകാല അഭിലാഷമായി പറഞ്ഞിട്ടുള്ളതിനാലും എങ്ങിനെയെങ്കിലും ടിക്കറ്റ് ഒപ്പിക്കണം എന്ന് വിചാരിച്ചിരുന്നു. കൂടാതെ ലാലേട്ടന്റെ വകയിലെ സഹോദരിയുടെ കൂടെ പഠിച്ചെന്നും, ലാലേട്ടന്റെ സഹോദരി ആണെന്ന് എല്ലാരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും, അതുപോലെ ലാലേട്ടനോടുള്ള ആരാധന മൂത്ത് സ്വന്തം കല്യാണത്തിന് (എന്ന് വച്ചാല്‍ ഞാനുമായിട്ടുള്ളത്) പന്ത്രണ്ടു കൊല്ലം മുന്‍പ് ലാലേട്ടനെ ക്ഷണിച്ചെന്നും, അപ്പോള്‍ വിവാഹ തലേന്ന് ലാലേട്ടന്റെ അമ്മ ഫോണ്‍ വിളിച്ചു സംസാരിച്ചെന്നും മകന്‍ വീട്ടില്‍ ഇല്ലെന്നു പറഞ്ഞെന്നും ഒക്കെ ഇടയ്ക്കിടെ (വീമ്പു) പറയുന്നതും കേട്ടിട്ടുണ്ട്.

അങ്ങിനെ ഇരുന്നപ്പോഴാണ് ഡെയ്‌ലി ഡിലൈറ്റ് എന്‍റെ ഒരു അടുത്ത സുഹൃത്തിന്‍റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കമ്പനി ആണെന്നും സുഹൃത്തിന്‍റെ ഭര്‍ത്താവാണ് സംഘത്തിന്റെ കൂടെ വരുന്നതെന്നും സുഹൃത്ത്‌ വഴി അറിയാന്‍ കഴിഞ്ഞത്. ഭാര്യയുടെ നിര്‍ബന്ധം മൂലം സുഹൃത്തിനു ഒരു മെയില്‍ വിടുന്നു, സുഹൃത്ത്‌ ഉടന്‍ തന്നെ എല്ലാം ഓക്കേ ആക്കി!!!

അങ്ങിനെ 2008 ഒക്ടോബര്‍ ഇരുപത്തി അഞ്ചിന് രാവിലെ തന്നെ കുടുംബ സമേതം സൂറിക്കിനടുത്തുള്ള വിന്റര്‍ത്തുര്‍ എന്ന സ്ഥലത്തേയ്ക്ക് ട്രെയിനില്‍ യാത്ര തിരിച്ചു. മൂന്നു മണിക്കൂര്‍ യാത്ര കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിയോടെ മോഹന്‍ലാല്‍ ഷോ നടക്കുന്ന ഹാളില്‍ എത്തിയപ്പോള്‍ കുറച്ചു സംഘാടകര്‍ കഴിഞ്ഞാല്‍ ആദ്യം എത്തിയത് ഞങ്ങളാണെന്ന് മനസ്സിലായി. സുഹൃത്തിന്‍റെ ഭര്‍ത്താവിനെ ഫോട്ടോയിലൂടെ അല്ലാതെ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം വരുന്നത് മൂന്നുമണിയോടെ ആയിരിക്കുമെന്നും അപ്പോള്‍ തന്നെ കാണാമെന്നും സംഘാടകര്‍ പറഞ്ഞു. ലാലേട്ടനും സംഘവും അപ്പോള്‍ എത്തുമെന്നും മനസ്സിലായി. ഒരുവിധത്തില്‍ മൂന്നുമണി ആയി. കുറച്ചു കഴിഞ്ഞപ്പോള്‍ ലാലേട്ടനും സംഘവും എത്തി.


ലാലേട്ടനോടൊപ്പം മുകേഷ്, ജഗദീഷ്, ലക്ഷ്മി ഗോപാലസ്വാമി, വിനീത്, ജ്യോതിര്‍മയി, മീരാ നന്ദന്‍, സുരാജ് വെഞ്ഞാറമ്മൂട് ഗായകന്‍ അഫ്സല്‍ എന്നിവരാണ് ഉണ്ടായിരുന്നത്. യൂറോപ്പില്‍ പത്തു പരിപാടികള്‍ ഉണ്ടായിരുന്നതില്‍ ഇതു ഒന്‍പതാമത്തെ പരിപാടി ആയിരുന്നു. അതിനാല്‍ തന്നെ എല്ലാവരും വളരെ ക്ഷീണിതരായി കാണപ്പെട്ടു. ആരെയും അധികം മൈന്‍ഡ്‌ ചെയ്യാതെ എല്ലാവരും സ്റ്റേജിനു പിറകില്‍ ഭക്ഷണം ഒരുക്കിയ സ്ഥലത്തേയ്ക്ക് പോയി. സാവധാനം ഒരു കുറിപ്പ് ഒരു സംഘാടകന്‍ വഴി സുഹൃത്തിന്റെ ഭര്‍ത്താവും സ്റ്റേജ് ഷോ സ്പോണ്‍സറുമായ ഫിലിപ്പിന് കൊടുത്തു വിട്ടു. ഉടനെ തന്നെ ഫിലിപ്പ് കാണാന്‍ എത്തി. നാലുപേര്‍ക്കും വി ഐ പി ടിക്കറ്റും തന്നു (നന്ദ്രി നന്ദ്രി).

ഭാര്യയുടെ അടുത്ത ഡിമാന്‍റ്: ലാലേട്ടനെ ഒന്നു കാണണം, കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം. എല്ലാവരേം കൂടെ അസൌകര്യമാണെങ്കില്‍ അയാളെ മാത്രം കടത്തി വിട്ടാല്‍ മതിയത്രേ! താരങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാം എന്ന് ഫിലിപ്പ്‌ പറഞ്ഞു.

സമയം മൂന്നു നാല്പത്തി അഞ്ചായി. ഉള്ളിലേയ്ക്ക്‌ ചെല്ലാന്‍ ആളിനെ പറഞ്ഞു വിളിപ്പിച്ചു. ഭാര്യ ഭീകര ത്രില്ലില്‍ ആയി. കയ്യില്‍ പുതിയ ക്യാമറയും രണ്ടു പിള്ളേരുമായി ഞാനും പിറകെ കൂടി. എന്നാല്‍ ലാലേട്ടനെ ഒന്നു കണ്ടു ഒരു ഫോട്ടോയും എടുക്കാം എന്ന് വിചാരിച്ചു. ഇങ്ങനെ ഒരു അവസരം ഇനി കിട്ടാന്‍ സാധ്യത കുറവാണ്. സ്റ്റേജിനു പിറകില്‍ തുണികള്‍ എല്ലാം അടുക്കി വച്ചു കൊണ്ട് വിനീത്. മുകേഷും ജഗദീഷും ലാലേട്ടനും കസേരകളില്‍ ഇരിക്കുന്നു. ജനീവയില്‍ നിന്നും മൂന്നു മണിക്കൂര്‍ യാത്ര ചെയ്തു ഒരു ഫാമിലി കാണാന്‍ വരുന്നു എന്ന് ഫിലിപ്പ് അവരോടു പറഞ്ഞിരുന്നു. സ്ത്രീകള്‍ എല്ലാം അടുത്ത മുറിയില്‍ ആണ്.

ഗ്രീന്‍ റൂമില്‍ കണ്ടു മുട്ടിയപ്പോള്‍

കണ്ട ഉടനെ ലാലേട്ടന്റെ ചോദ്യം : അയ്യോ ജനീവയില്‍ നിന്നും വരുവാണല്ലേ?

എല്ലാവര്‍ക്കും കൈ കൊടുത്തു. പരിചയപ്പെടാന്‍ അവസരം കിട്ടും മുന്‍പ്, ലാലേട്ടനെ കണ്ടതും ഭാര്യയുടെ ഭാവം മാറി, തനി ലാലേട്ടന്‍ ഫാനായി. ഭാര്യയുടെ വെപ്രാളം കണ്ടപ്പോള്‍ അവളെ ചൂണ്ടി ഞാന്‍ പറഞ്ഞു - ഇതൊരു ലാലേട്ടന്റെ ലോയല്‍ ഫാനാണ്. എല്ലാവരും ചിരിച്ചു. ഞാന്‍ തുടരെ ഫോട്ടോ ക്ലിക്കി. ഭാര്യ എന്തൊക്കെയോ ലാലെട്ടനോടു പറയുന്നുണ്ട്. അതിനിടെ ഇങ്ങനെ കേട്ടു : ഞാനും ലാലേട്ടന്റെ കൂട്ട് ഷൈ ആണ്. ലാലേട്ടന്‍ ചിരിച്ചു നമുക്ക് പരിചയമുള്ള ശൈലിയില്‍ "അയ്യോ" എന്ന് പറയുന്നതും കേട്ടു . അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കൂടെ ഫോട്ടോ എടുത്തു.


അകത്തു സ്ത്രീകള്‍ എല്ലാം ഉണ്ട് അവരുടെ കൂടെ ഫോട്ടോ എടുക്കാം. അവരെ വിളിക്കാം എന്ന് ലാലേട്ടന്‍ പറഞ്ഞു. അപ്പോള്‍ ഭാര്യയുടെ കമന്റ്. ലാലേട്ടനെ കാണാന്‍ വേണ്ടി മാത്രമാ ഇവിടം വരെ വന്നത് . എനിക്ക് ലാലേട്ടന്‍ടെ കൂടെ മാത്രം ഫോട്ടോ എടുത്താല്‍ മതി!


ലാലേട്ടന്‍റെ കൂടെ കുട്ടികളെ നിര്‍ത്തി വേറെ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ " അയ്യോ അതിനെന്താ" എന്നുള്ള മറുപടി. കുട്ടികളെ മടിയില്‍ വച്ചുള്ള രണ്ടു ഫോട്ടോയും എടുത്തു. അവസാനം ലാലേട്ടന്‍റെ അമ്മയ്ക്ക് കുറെ സ്വിസ് ചോക്ലേറ്റ് പാക്കറ്റുകളും പൊതിഞ്ഞു കൊടുത്തുകളഞ്ഞു ഫാന്‍- അടുത്തു നിന്ന മറ്റുള്ളവര്‍ക്കൊന്നും കൊടുക്കാതെ.

എല്ലാവരും വളരെ ക്ഷീണിതരായതിനാലും അതുപോലെ ഷോ വെറും 45 മിനിട്ടിനകം തുടങ്ങേണ്ടതിനാലും ഒരു വിധത്തില്‍ എല്ലാര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അവിടെ നിന്നും വെളിയില്‍ കടന്നു.


പിന്നീട് മൂന്നു മണിക്കൂര്‍ തരക്കേടില്ലാത്ത കുറെ പരിപാടികള്‍. ലാലേട്ടന്റെ ചില അടിപൊളി പാട്ടുകള്‍ (അത് റെക്കോര്‍ഡ് ചെയ്തശേഷം സ്റ്റേജില്‍ ലിപ് സിങ്ങിംഗ് ആണെന്ന ആരോപണം നെറ്റില്‍ കണ്ടിരുന്നു), വിനീത്, ലക്ഷ്മി ഗോപാലസ്വാമി ടീമിന്റെ ടാന്‍സ്‌, അഫ്സലിന്റെ പാട്ട് എന്നിവ വളരെ നല്ല പരിപാടികള്‍ തന്നെ ആയിരുന്നു. എന്തായാലും ഈ പ്രായത്തില്‍ ആറോളം പാട്ടുകള്‍ പാടി അഭിനയിക്കുകയും അത്രയും തന്നെ പാട്ടിനു ഡാന്‍സ് ചെയ്യുകയും ചെയ്ത ലാലേട്ടന്റെ സ്റ്റാമിന സമ്മതിക്കണം. മൂന്നു മണിക്കൂര്‍ പോയത് അറിഞ്ഞില്ല.


പരിപാടികളുടെ തുടക്കം



അടിപൊളി ഡാന്‍സുകള്‍




ചിങ്ങമാസം ......

വിനീതിന്‍റെയും ലക്ഷ്മിയുടേയും ഡാന്‍സ് വളരെ മനോഹരമായിരുന്നു

മീരാ നന്ദന്‍


കൈ തുടി താളം കൊട്ടി..... - അഫ്സല്‍

വി ടു തലൈ വിടുതലൈ .......


പരിപാടിക്ക് ശേഷം ഗ്രീന്‍ റൂമില്‍ വച്ച് വീണ്ടും കണ്ടു എങ്കിലും എല്ലാരും ക്ഷീണിതര്‍ ആയിരുന്നതിനാല്‍ അധികം ബുദ്ധിമുട്ടിച്ചില്ല. ലക്ഷ്മി, ജ്യോതിര്‍മയി, മീരാ നന്ദന്‍ എന്നിവരുടെ കൂടെയും അപ്പോള്‍ കുടുംബ ഫോട്ടോകള്‍ എടുത്തു. ചുരുക്കം പറഞ്ഞാല്‍ വളരെ രസകരമായ ഒരു ദിവസം വളരെ പെട്ടന്ന് കഴിഞ്ഞു...........

Sunday 10 May 2009

ഒരു ഇറ്റലി യാത്രയിലെ ചില കാഴ്ചകള്‍ -1

മിലാന്‍ കത്തീഡ്രല്‍

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ