Monday 22 December 2008

പാബ്‌ലോ നെരുദയുടെ നാട്ടില്‍ -1

നവംബര്‍ മാസം അവസാനം ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോയില്‍ ഔദ്യോഗികമായി ഒരു മീറ്റിംഗിനായ് ഒരാഴ്ചത്തെ സന്ദര്‍ശനം നടത്തണം എന്ന് പറഞ്ഞപ്പോള്‍ ലാറ്റിന്‍ അമേരിക്കയില്‍ ഒരിക്കല്‍ മാത്രം (ബ്രസീല്‍) സന്ദര്‍ശിച്ചിട്ടുള്ളതിനാല്‍ പോകാന്‍ താത്പര്യം തോന്നി. കുറച്ചു സുഹൃത്തുക്കളും സാന്‍റിയാഗോയില്‍ ഉള്ളതിനാല്‍ പോകാം എന്ന് തീര്‍ച്ചപ്പെടുത്തി.

ഒരു ശനിയാഴ്ച സാന്റിയാഗോയില്‍ നില്‍ക്കുന്നതിനാല്‍, പോകുന്നതിന്‍റെ തലേന്ന് വെറുതെ നെറ്റ് നോക്കി അവിടെ അടുത്ത് കാണാനുള്ള സ്ഥലങ്ങള്‍ എന്തൊക്കെ എന്ന് നോക്കി. വളരെ കാര്യമായി ഒന്നും ഇല്ലെങ്കിലും, പാബ്ലോ നെരുദയുടെ വീടിനെ കുറിച്ചുള്ള വിവരണം കണ്ണില്‍ ഉടക്കി. പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദല്‍ഹിയിലെ ജെ എന്‍ യുവില്‍ പഠനത്തിനായി ചെന്നപ്പോള്‍ പല ബുദ്ധിജീവികളും ഇടതുപക്ഷ രാഷ്ട്രീയക്കാരും സ്ഥിരമായി നെരുദയെ കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും ആളാരാണെന്ന് വലിയ പിടിയും കിട്ടിയിരുന്നില്ല! ആളൊരു ഇടതുപക്ഷ ചിന്താഗതിയുള്ള ബുദ്ധിജീവി ആയിരിക്കണം എന്ന് ഒരു സന്ദേഹം തോന്നിയിരുന്നു. പിന്നീട്, ജീവിതത്തിന്‍റെ തത്രപ്പാടുകളില്‍പ്പെട്ട് ഇന്ത്യയില്‍ പലയിടത്തും അലഞ്ഞു തിരിഞ്ഞപ്പോഴും, നെരുദയെക്കുറിച്ചോ, മറ്റു മഹാന്‍മാരെ കുറിച്ചോ ചിന്തിയ്ക്കാന്‍ അധികം സമയവും സൌകര്യവും കിട്ടിയിരുന്നില്ല!

എന്തായാലും നെരുദയെ കുറിച്ച് കൂടുതല്‍ അറിയാനായി നെറ്റില്‍ തപ്പിയപ്പോള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ചും, പ്രത്യേകിച്ചും കവിതകളെക്കുറിച്ചും കുറച്ചു വിവരങ്ങള്‍ അറിയാന്‍ പറ്റി. എന്തായാലും ഈ യാത്രയില്‍ നെരുദയെ കുറിച്ച് കൂടുതല്‍ അറിയണം എന്ന് ആഗ്രഹം തോന്നി......
**************
ജനീവയില്‍ നിന്നും പാരീസ് വഴിയുള്ള എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ പതിനാറു മണിക്കൂറിലധികം ഇരുന്നാല്‍ സാന്റിയാഗോയില്‍ ഇറക്കി വിടും. വിമാനത്തിലെ ജാലകത്തിനടുത്തുള്ള ഇരിപ്പിടം സാധാരണ ഇഷ്ടമുള്ളതല്ലെങ്കിലും നിവൃത്തിയില്ലാത്തതിനാല്‍ കയറി ഇരുന്നു. സിനിമ കണ്ടും, ഉറങ്ങിയും, ആഹാരം കഴിച്ചുമൊക്കെ ഒരു വിധത്തില്‍ കുറെ ദൂരം എത്തി. രണ്ടു മണിക്കൂര്‍ കൂടി യാത്ര ചെയ്‌താല്‍ സാന്റിയാഗോയില്‍ എത്തും എന്ന് അനൌണ്‍സ് ചെയ്തപ്പോള്‍ വെറുതെ ജനലിലൂടെ നോക്കി. അവിടെ കണ്ട കാഴ്ച അതിമനോഹരമായിരുന്നു!
ആന്ഡിസ് പര്‍വത നിരകള്‍
ആന്ഡിസ് പര്‍വത നിരകള്‍ (Andes Mountains) ഏഴായിരം കിലോമീറ്ററുകള്‍ നീളത്തില്‍ ദക്ഷിണ അമേരിക്കയിലെ അര്‍ജന്റീന, ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോര്‍, പെറു, വെനിസ്വേല എന്നിങ്ങനെ ഏഴ് രാജ്യങ്ങളുടെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് കൂടെ നീണ്ടു പരന്നു കിടക്കുകയാണ്. വിമാനത്തിനുള്ളില്‍ നിന്നും നോക്കുമ്പോള്‍ സാന്റിയാഗോയ്ക്ക് തൊട്ടടുത്ത്‌ വരെ മനോഹരമായ വെളുത്ത മലനിരകള്‍ കാണാം.
******
ചിലി തെക്കേ അമേരിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് നീളത്തില്‍ കിടക്കുന്ന തീരപ്രദേശമാണ്. കേരളത്തിന്റെ പത്തനംതിട്ട, കോട്ടയം, പാലക്കാട്, ഇടുക്കി, വയനാട് എന്നീ ജില്ലകള്‍ അങ്ങ് കട്ട് ചെയ്‌താല്‍ കിട്ടുന്ന ഒരു പടം ഏകദേശം ചിലിയുടേതു പോലെ ഇരിക്കും. കേരളത്തിന്‍റെ അഞ്ചിരട്ടി എങ്കിലും വലുപ്പവും ഉണ്ട്. വെറും ഒന്നരക്കോടി ജനങ്ങള്‍ ആണ് അവിടെ താമസം. ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാല് മുതല്‍ തൊണ്ണൂറ് വരെ അഗസ്തോ പിനോഷെ (Augusto Pinochet) എന്ന ഏകാധിപതിയുടെ ഭരണത്തിന്‍ കീഴില്‍ ആയിരുന്ന ചിലി വളരെ വേഗം തന്നെ ഒരു സാമ്പത്തിക ഭദ്രതയുള്ള രാജ്യവും, അതുപോലെ തന്നെ വളരെ നല്ല രീതിയില്‍ socialistic ഭരണക്രമവും കാഴ്ചവയ്ക്കുന്നത് അദ്ഭുതത്തോടെയാണ് കാണാന്‍ കഴിഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ പലരും സാമൂഹ്യ നീതിയെ കുറിച്ച് ശക്തിയുക്തം വാദിക്കുന്നത് വളരെ നല്ല ഒരു കാഴ്ചയായി.
*********
ചിലി പ്രസിഡന്റിന്‍റെ ഓഫീസ് കെട്ടിടം

ഇനി ഒരു പിസ്കോ സോ‌ര്‍ (pisco sour) അടിച്ചുകൊണ്ട് ഒരു ഡാന്‍സും കാണാം


പിസ്കോ സോ‌ര്‍ ചിലിയിലെ പരമ്പരാഗതമായ ഒരു cocktail drink ആണ്. ചേരുവകള്‍: പിസ്കോ (ബ്രാണ്ടി), നാരങ്ങ ജ്യു‌സ്, പഞ്ചസാര, ഒരു മുട്ടയുടെ വെള്ള. ഇതെല്ലാം കൂടി അടിച്ചെടുത്താല്‍ പിസ്കോ സോ‌ര്‍ ആയി. അല്പം സ്ട്രോങ്ങ്‌ ആണ് സാധനം. ബ്രാണ്ടി ഇഷ്ടമാല്ലാതവര്‍ക്കും അല്പം മധുരം ഒക്കെ ഉള്ളതിനാല്‍ കുടിച്ചു നോക്കാവുന്നതാണ്.

കുവേക്ക (Cueca)- ചിലിയുടെ ദേശീയ നൃത്തം

ചടുലമായ ചുവടുകളോടെ ചെറുപ്പക്കാര്‍ നൃത്തം ചെയ്യുന്നു.


ശേഷം അടുത്തതില്‍.......

11 comments:

ശ്രീവല്ലഭന്‍. said...

പാബ്ലോ നെരുദയുടെ നാട്ടില്‍ :-)

മാണിക്യം said...

....ഈ രാത്രി ദു:ഖ പുരിതമായ വരികള്‍
എഴുതുവാന്‍ എനീക്കു ആകും ... ...
....എങ്കിലും ‘പ്രീയപ്പെട്ട പാബ്ലോ നെരുദയുടെ’ നാട്ടില്‍
എത്തിയ ശ്രീവല്ലഭന് അഭിനന്ദനം

ശ്രീ said...

നെരൂദയുടെ നാട്ടിലെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു.

ഭൂമിപുത്രി said...

പിസ്കോ സോ‌ര്‍ നുണയാതെ ഡാൻസ് കണ്ടുകൊണ്ടിരിയ്ക്കുകയാണേ ഞാനും...
നെരുദയുടെ വീട്ടിലേയ്ക്ക് വേഗം കൊണ്ടുപോകൂ

Anil cheleri kumaran said...

ഈ കാഴ്ചകള്‍ നേരില്‍ കാണാന്‍ കഴിഞ്ഞല്ലോ.
എന്തൊരു ഭാഗ്യമാണു!!

ഗൗരി നന്ദന said...

Lost in the forest, I broke off a dark twig
and lifted its whisper to my thirsty lips:
maybe it was the voice of the rain crying,
a cracked bell, or a torn heart.

നെരൂദ......!!!

Appu Adyakshari said...

വായിച്ചു വായിച്ചു വന്നപ്പോഴേക്ക് പെട്ടന്ന് നിര്‍ത്തീക്കളഞ്ഞല്ലോ ശ്രീവല്ലഭാ.. തുടരൂ..

തിരുവല്ലഭൻ said...

എന്താണ്‌ മാഷേ, ഈയിടയെങ്ങും നമ്മളെ സന്ദർശിക്കാറില്ലല്ലോ?
www.thiruvallabhan.blogspot.com

ശ്രീവല്ലഭന്‍. said...

മാണിക്യം, കാപ്പിലാന്‍, ശ്രീ, പാമരന്‍, ഭൂമിപുത്രി, കുമാരന്‍,
ഏകാന്തതാരം, അപ്പു, HOMOSAPIEN : വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

രണ്ടാം ഭാഗം - പുതിയ പോസ്റ്റ് ഇന്നലെ ഇട്ടു. മുഴുവനാക്കിയില്ല. ഉടനെ ഉണ്ടാകും :-(

നിരക്ഷരൻ said...

ഇച്ചിരി തെരക്കിലാ വല്ലഭന്‍ ജീ. വിശദമായി കുത്തിയിരുന്ന് വായിക്കാന്‍ ഞാന്‍ ഉടനെ വരുന്നുണ്ട്. ഭാഗം 1ഉം. ഭാഗം 2ഉം.

ഗൗരിനാഥന്‍ said...

എന്തായാലും ബ്ലോഗിലെത്താന്‍ വൈകിയത് കൊണ്ട് രണ്ട് പാര്‍ട്ടും ഒന്നിചു വായിക്കാനായി..നന്ദി വല്ലഭന്‍ ഈ സുന്ദരമായ വിവരണത്തിനു..